കണ്ണൂർ: ഗുജറാത്ത് പൊലീസിന് ഏത് ബാങ്ക് അക്കൗണ്ടിലും കയറി കയ്യിടാം, പക്ഷെ തടയാനോ ചോദ്യം ചെയ്യാനോ കേരള പൊലീസിനെ കൊണ്ടോ ബാങ്ക് മേധാവികൾക്കോ കഴിയില്ല എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം കണ്ണൂർ ജില്ലയിലെ കേളകത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കാരണം എന്തെന്ന് പോലും വ്യക്‌തമാക്കാതെ ഗുജറാത്ത് പൊലീസിൻ്റെ നിർദേശ പ്രകാരം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒരു യുവാവ് കോടതിയെ സമീപിക്കാൻ തയാറെടുക്കുകയാണിപ്പോൾ. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശി അജിൻ മാത്യുവാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. അക്കൗണ്ട് മരവിപ്പിച്ചതിനാൽ പണം പിൻവലിക്കാനോ ഇടപാടുകൾ നടത്താനോ സാധിക്കുന്നില്ല എന്നും നടപടിയുടെ കാരണം വ്യക്‌തമാക്കണം എന്നും ആവശ്യപ്പെട്ടാണ് യുവാവ് ബാങ്കിനെയും പൊലീസിനെയും സമീപിച്ചത്. എന്നാൽ നടപടി സ്വീകരിക്കാൻ ബാങ്കും കേരള പൊലീസും തയാറാകാത്തതിനാലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നും അജിൻ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇപ്പോൾ. അലുമിനിയം ഫ്രാബ്രിക്കേഷൻ പണികൾ ചെയ്യുന്ന അജിൻ്റെ കേളകം ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിലെ 47500 രൂപയാണ് 20 ദിവസം മുൻപ് മരവിപ്പിച്ചിട്ടുള്ളതായി ഫോണിൽ മെസേജ് ലഭിച്ചത്. ഇതിനെ തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ ആണ് ഗുജറാത്ത് പൊലീസാണ് നടപടിക്ക് പിന്നിലെന്ന് വിവരം ലഭിച്ചത്. തുടർന്ന് ബന്ധപ്പെട്ട പൊലീസ് വകുപ്പിൻ്റെ ഓഫിസിൽ വിളിച്ചെങ്കിലും മറുപടി ഇല്ലാതെ വന്നതോടെ അജിൻ കേളകം പൊലീസിലും തുടർന്ന് സൈബർ പൊലീസിലും പരാതി നൽകി. ഗുജറാത്ത് പൊലീസിന് ഇ മെയിൽ അയച്ചിട്ടും പരിഹാരമോ മറുപടിയോ ഇല്ലാതെ വന്നതോടെയാണ് അജിൻ ഹൈക്കോടതിയെ സമീപിക്കുന്നത്. സമാനമായ രീതിയിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നതായി ആരോപണം ഉണ്ട്. പല ഇടപാടുകളും ഗുജറാത്ത് പൊലീസിൻ്റെ പേരിലാണ്. പൊലീസിൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ആണോ എന്നും സംശയം ഉയരുന്നുണ്ട്.
Gujarat police got their hands on the bank account. The bank and the Kerala police were unable to defend themselves.